ഗവര്‍ണറുടെ നടപടിയ്ക്കെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്കെതിരെ വൈസ് ചാന്‍സിലര്‍മാര്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. ഗവര്‍ണര്‍ രാജി ആവശ്യപെട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദീപാവലി ദിവസമായ ഇന്ന് കോടതി അവധിയാണെങ്കിലും ഹൈക്കോടതിയില്‍ വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.
സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് രാജിവെയ്ക്കാന്‍ ഗവര്‍ണര്‍ നല്കിയ സമയപരിധിയും അവസാനിച്ചു. ഒരാളും രാജി വെച്ചില്ല. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറയിച്ചിട്ടുള്ളത്.
വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സര്‍വ്വകലാശാലകളെ മാറ്റുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിസിമാരോട് രാജി ആവശ്യപ്പെടാന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അവകാശമില്ലെന്നും സര്‍വ്വകലാശാലയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights – Vice chancellors are gearing up for a legal battle against Governor