വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും; സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും
യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ ഹാജരാകുന്നതിനായി നടനും നിർമാതാവുമായ വിജയ് ബാബു (Vijay Babu) ഇന്ന് കൊച്ചിയിലെത്തും. വിദേശത്തേയ്ക്ക് കടന്ന വിജയ് ബാബുവിന് ഹൈക്കോടതി (Kerala Highcourt) ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാവിലെ ഒന്പതരയോടെ കൊച്ചിയിൽ എത്തുന്ന വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും.
വിദേശത്തായിരുന്ന വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെയാണ് കോടതി വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. സൗത്ത് സ്റ്റേഷനിൽ ഹാജരാകുന്ന വിജയ് ബാബുവിനെ ചോദ്യംചെയ്യലിന് ശേഷം വിട്ടയയ്ക്കും.
ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബുവെന്നും കോടതി പറഞ്ഞു.
വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടൻ അറിയിച്ചിരുന്നു.