വിജയ് ബാബുവിന്റെ അറസ്റ്റ് നാട്ടില്‍ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി; ജാമ്യഹര്‍ജി മാറ്റി
വിജയ് ബാബുവിന്റെ അറസ്റ്റ് നാട്ടില്‍ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം വിജയ് ബാബുവിനോട് കരുണ പാടില്ലെന്നും അയാള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടതാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനായി മാറ്റി.
വിദേശത്തു നിന്ന് മടങ്ങിവരാന്‍ കോടതിക്കു മുന്നിലേക്ക് നിര്‍ദേശങ്ങള്‍ വെക്കുകയാണ് പ്രതി. ഇത് വെച്ചുപൊറുപ്പിക്കാനാകില്ല. പ്രതി എവിടെയാണെങ്കിലും പിടിക്കാന്‍ അറിയാമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വിജയ് ബാബുവിന് ജാമ്യം നല്‍കരുതെന്നാണ് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടത്.
നടിക്കെതിരെ ആരോപണങ്ങളുമായി വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. താന്‍ നിര്‍മിക്കുന്ന സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് പരാതിക്ക് കാരണമെന്നാണ് വിജയ് ബാബു വ്യക്തമാക്കിയത്. നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്.
Content Highlight: Vijay Babu’s bail plea postponed