ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി
ആത്മാര്‍ഥ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി. കീഴ്ത്തള്ളിയിലെ എന്‍എം രതീന്ദ്രനാണ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. സിപിഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ കണ്ണൂരില്‍ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി എത്തുന്നത് അറിഞ്ഞ് അദ്ദേഹത്തെ കാണാനായി രതീന്ദ്രന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രന്‍ വീട്ടിലേയ്ക്കും ഇറങ്ങി.
എന്നാൽ ഗസ്റ്റ് ഹൗസില്‍ നിന്ന് കുറച്ചുദൂരം പോയപ്പോൾ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രതീന്ദ്രനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു അന്ത്യം. സുഹൃത്തിന്റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരുനോക്കു കണ്ടു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ പിണറായി വിജയനുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് രതീന്ദ്രന്‍. പിണറായി കണ്ണൂരിലെത്തുമ്പോഴെല്ലാം രതീന്ദ്രന്‍ അദ്ദേഹത്തെ കാണാനും സൗഹൃദം പങ്കിടാനും എത്താറുണ്ട്. ചൊവ്വ സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രതീന്ദ്രന്‍ വിരമിച്ചതിന് പിന്നാലെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടന്നു.












