ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലാകും
കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലെവെദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. സംഭരണശേഷിയുടെ 31% വെള്ളം മാത്രമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. നിലവില്‍ 2332 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 അടി വെള്ളത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 81% വെള്ളമുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 31 ശതമാനം മാത്രം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50% വെള്ളം കുറവാണിപ്പോള്‍.
ജലനിരപ്പ് 2280 അടിയായി കുറഞ്ഞാല്‍ മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം നിര്‍ത്തേണ്ടി വരും. ഇതു സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് ഉല്പാദിപ്പിക്കാന് വേണ്ടത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉല്‍പ്പാദനം ആറു ദശലക്ഷം യൂണിറ്റാക്കി കുറച്ചു. ഒരു ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തടി മുതല്‍ 20 അടിവരെ ജലനിരപ്പില്‍ കുറവുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളിലേയും ജലശേഖരം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിയിലാണ്.