വിവാഹ സമ്മാനം; സുജിത്തിന് കഴുത്തിലെ സ്വര്‍ണമാല ഊരി നല്കി ഡിസിസി പ്രസിഡന്റ്

കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരിനല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയാണ് സമ്മാനമായി നല്‍കിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സുജിത്തിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു ഈ സമ്മാനം നല്‍കിയത്.
പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ തന്നെ ജോസഫ് ടാജറ്റ് എഴുന്നേറ്റ് വേദിയില്‍ ഉണ്ടായിരുന്ന സുജിത്തിന് മാല കഴുത്തിലിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുജിത്തിന് സ്വര്‍ണമോതിരം സമ്മാനമായി നല്‍കിയിരുന്നു. നിയമപോരാട്ടത്തില്‍ സുജിത്തിനൊപ്പം നിന്ന വര്‍ഗീസ് ചൊവ്വന്നൂരിന് ഡിസിസി എക്സിക്യുട്ടീവ് സ്ഥാനംകൂടി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗത്തില്‍ നടത്തി.