ക്ഷേമ പെന്ഷന് തുക വര്‍ധിപ്പിക്കില്ല; മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കും
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് തുക വര്‍ധിപ്പിക്കില്ല. എന്നാൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത വരുന്ന ഏപ്രിലില്‍ വിതരണം ചെയ്യും. ബജറ്റ് അവതരണത്തില്‍ എല്ലാവരും ഉറ്റുനോക്കിയ ഒന്നായിരുന്നു ക്ഷേമ പെന്ഷന് വര്‍ധന. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ 200 രൂപയുടെ വര്‍ധനവ് പ്രതീക്ഷിച്ചതാണ്.
ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡു സാമൂഹിക പെന്ഷന് കുടിശ്ശിക അനുവദിക്കുകയുണ്ടായി. അവശേഷിക്കുന്ന മൂന്ന് കുടിശ്ശികകള്‍ 2025-26ല്‍ കൊടുത്തുതീര്‍ക്കും. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗത്തെ കൈവിടാതെ സര്‍ക്കാര്‍ കാക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു. സര്‍വ്വീസ് പെന്ഷന് പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി എഫില്‍ ലയിപ്പിക്കും. ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.