സഖാവ് വി എസ് വിടവാങ്ങുമ്പോൾ, ഓർമ്മയിൽ നിറയുന്ന ഒരു പ്രസംഗം; പശു നിങ്ങളുടെ അമ്മയാണെകിൽ, കാളയാണോ നിങ്ങളുടെ അച്ഛൻ?? പലരും ചോദിയ്ക്കാൻ മടിച്ച കാര്യം

സഖാവ് വി എസ് അച്ചുതാനന്ദൻ വിട പറയുകയാണ്. ആരായിരുന്നു സഖാവ് വി എസ് എന്ന് ചോദിച്ചാൽ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കർശനമായ വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്. പാർട്ടിയിലെയും സര്‍ക്കാരിലേയും തിരുത്തല്‍ ശക്തിയാണ് വി.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള തിരുത്തല്‍ ശക്തി എന്നും വി.എസിനെ പറയാം. അദ്ദെഹത്തെ കുറിച്ചുള്ള ഒരുപാട് സ്മരണകൾ മലയാളി മനസ്സിൽ എക്കാലത്തും ഉണ്ടാവും. പഴയ ഒരു അഭിമുഖത്തിൽ വി എസിനോട്, എങ്ങനെയാണ് നിരീശ്വര വാദി ആയതെന്ന് ചോദിച്ചിട്ടുണ്ട്.
നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട ആളാണ് വി.എസ് അച്യുതാനന്ദൻ. കടുത്ത ദാരിദ്ര്യമായിരുന്നു അക്കാലത്ത്.
വസൂരി പിടിപെട്ട് മരണമടഞ്ഞ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതിരുന്ന മകനായിരുന്നു വി.എസ്. അമ്മയെ പാർപ്പിച്ചിരുന്ന കുടിലിൻ്റെ മുന്നിൽ ചെന്നു നിന്ന് അദ്ദേഹം ഒരുപാട് കരഞ്ഞിട്ടുണ്ട്. അന്ന് പല തവണ ദൈവത്തെ വിളിച്ച് കരഞ്ഞിട്ടുണ്ട്. അപ്പോളൊന്നും സഹായിക്കാൻ എത്താത്ത ദൈവത്തെ അതോടെ താൻ ഉപേക്ഷിച്ചെന്നാണ് സഖാവ് പറഞ്ഞത്.
എന്നാൽ ശബരിമല സന്ദർശിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദൻ തന്നെയാണ്. 2007 ഡിസംബർ 30 നാണ് ഒന്നാം നമ്പർ കാറില്‍ മുഖ്യമന്ത്രി വി എസ് പമ്പയിലെത്തുന്നത്. അത് ചരിത്രത്തിലേക്കുള്ള കാൽവയ്പ്പായിരുന്നു. അന്ന് എൺപത്തിയഞ്ചു വയസ്സുള്ള അച്യുതാനന്ദൻ ശബരിമലയിലേക്ക് പോകുന്നുവെന്ന് കേട്ടതോടെ അവിടെ ഡോളിയും കസേരയും എല്ലാം ഒരുക്കിയിരുന്നു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കാൽനടയായി കയറുന്നു എന്നാണ് സഖാവ് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി, രാജു എബ്രഹാം, കെസി രാജഗോപാൽ എന്നീ എംഎൽഎമാരും ഡോളിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും അതൊന്നും കൂട്ടാക്കാതെ വി എസ് മല കയറി.
മല കയറ്റത്തിനിടെ കരിക്കും ജൂസുമൊക്കെ കൊടുതെകിലും അതൊന്നും അദ്ദേഹം കഴിച്ചതുമില്ല.
ഇടയ്ക്ക് ഇരിക്കാൻ കേസര കൊണ്ടുവന്നെങ്കിലും വി എസ് ഇരുന്നില്ല. ശരം കുത്തിയിലെത്തിയപ്പോൾ വി എസിനായി വെടിവഴിപാട് നടന്നിരുന്നു. വി എസ് സ്വാമിക്ക് വെടി വഴിപാടെന്ന അനൗസ്മെന്റെ കേട്ട് എല്ലാവരും ചിരിച്ചു. അപ്പോൾ ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള വെടിവഴിപാട് എന്നായിരുന്നു വി എസിന്റെ പ്രതികരണം.
മതികെട്ടാനും പൂയ്യംകുട്ടിയും നടന്നു കയറിയ വി എസിന് എമ്പത്തഞ്ചാം വയസ്സിലും ശബരിമല കയറ്റം ഒരു പ്രശ്നമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരുകേട്ട നിശ്ചയ ദാർഢ്യത്തെ ഓർമ്മപ്പെടുത്തുന്നതാണ് ആ ശബരിമല യാത്ര.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. സി.പി.ഐ(എം) രൂപീകരിക്കുന്നു. പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച് 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാർട്ടി രൂപീകരിച്ച, കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വി.എസ്. അവരില്‍ ഇന്ന് വരെ ജീവിച്ചിരുന്നതും വി.എസ് മാത്രമായിരുന്നു.
വി.എസ് എന്ന ചുരുക്കെഴുത്തിന് വിവാദങ്ങളുടെ സഖാവ് എന്നൊരു വിളിപ്പേര് കൂടിയുണ്ട്. പഴയ ഇന്ത്യാ ചൈനാ യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വി.എസിനേയും മറ്റ് നേതാക്കളേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ അടച്ചിരുന്നു. ജയിലിനുള്ളില്‍ വി.എസ് രക്തദാനത്തിന് പ്രചാരണം നല്കി. അതിര്‍ത്തിയില്‍ പോരാടുന്ന നമ്മുടെ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യണമെന്നായിരുന്നു വി.എസിന്റ ആവശ്യം. ഇത് ജയിലിനുള്ളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി. ജയില്‍ മോചിതനായ ശേഷം വി.എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തുകയും ചെയ്തു.
പിന്നീട് 1998 ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. സി.പി.എമ്മിലെ വിഭാഗീയതയുടെ പേരില്‍ 2007 മെയ് 26 ന് വി.എസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ് അടുത്ത നടപടി. അന്ന് വി.എസിനൊപ്പം പിണറായി വിജയനും ഇതേ നടപടി നേരിട്ടു. ലാവ്ലിന് കേസില്‍ ഇരുവരും പരസ്യമായി വാക്പോര് നടത്തിയതിനായിരുന്നു നടപടി. 2007 ഒക്ടോബറില്‍ തിരിച്ചെടുത്തെങ്കിലും 2009 ജൂലായ് 13 ന് വി.എസ് വീണ്ടും പി.ബിക്ക് പുറത്തായി. സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചുവെന്നായിരുന്നു ആരോപണം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ എഡിബിയില്‍ നിന്ന് വായ്പയെടുക്കുന്നതിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിനെതിരായും വി.എസിനെതിരേ നടപടിയുണ്ടായി. അവസാനമായി ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ പറഞ്ഞതിനും പാര്‍ട്ടി ശാസന നേരിട്ടു. വി എസിന്റെ പോരാട്ടം സ്വന്തം പാർട്ടിയിലും ഉണ്ടായിരുന്നു എന്നതാണ് സത്യം.
നിലപാടുകൾ ഒരിക്കലൂം വ്യക്തിപരമല്ല എന്ന് തെളിയിച്ച നേതാവായിരുന്നുവി എസ്. ആശയങ്ങളാണ് ഏറ്റുമുട്ടേണ്ടത് എന്ന നിലപാട് ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.
രാഷ്ട്രീയത്തിലെ, അല്ലെങ്കിൽ സമൂഹത്തിലെ പലരും പലർക്കെതിരെയും പറയാൻ മടിച്ച കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞ ആളാണ് അച്യുതാനന്ദൻ. ആ നാവിന്റെ കരുത്ത് അറിഞ്ഞവരാണ് കുഞ്ഞാലിക്കുട്ടി മുതൽ ഗണേഷ്കുമാർ വരെയുള്ളവർ.
സംഘപരിവാർ അതിക്രമങ്ങൾ കാണുമ്പൊൾ, മനുഷ്യരേക്കാൾ ചിലർ പശുവിനെ സ്നേഹിക്കുന്നത് കാണുമ്പൊൾ, പശുവിന്റെ പേരിൽ പച്ചക്ക് മനുഷ്യനെ വെട്ടിക്കൊല്ലുമ്പോൾ, നമ്മളും ചോദിക്കണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ട്. അത് പൊതുവേദിയിൽ വിളിച്ച് പറഞ്ഞതും സഖാവ് വി എസ് തന്നെയായിരുന്നു. പശു നിങ്ങളുടെ അമ്മയാണെങ്കിൽ, കാള നിന്റെയൊക്കെ അച്ഛനാണോ എന്ന ചോദ്യം കേട്ട് അന്ന് ചിരിക്കാത്തവർ ഉണ്ടായിരുന്നില്ല. സംഘപരിവാർ അണികൾ വരെ അതുകേട്ട് ചിരിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ടാവണം.
ഇനി നീട്ടിയും കുറുക്കിയും, ഇടക്ക് ഒന്ന് നിർത്തിയും ഒക്കെയുള്ള ആ ശബ്ദം ഉണ്ടാകില്ല. ഒരു നൂറ്റാണ്ട് കാലം ഇവിടുത്തെ പാവങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ സഖാവ് വിട പറയുകയാണ്. നാളെ വലിയ ചുടുകാട്ടിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടക്കുന്നത്.