സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കാൻ കാരണമെന്നും റിപ്പോർട്ട്. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ ശക്തമാകുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരാനാണ് നിർദേശം. കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്.