പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധന് പരാമര്‍ശം ഉയര്‍ന്നാല്‍ നിയമപരമായി നേരിടും: വിഎന്‍ വാസവന്
പുതുപ്പള്ളിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമര്‍ശം ഉയര്‍ന്നാല്‍ നിയമപരമായി തന്നെ നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയില്‍ മതപരമായ കാര്യങ്ങളുയര്‍ത്തി പ്രചാരണം നടത്തിയ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതവികാരം ഉണര്‍ത്തുന്ന ഒന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും വിഎന്‍ വാസവന് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി പി ഐ എം സ്ഥാനാര്‍ത്ഥിയെ ഈ മാസം 12 ന് കോട്ടയത്ത് വച്ചാണ് പ്രഖ്യാപിക്കുക. സംഘടനാ സംവിധാനത്തിലെ ശക്തമായ സി പി ഐ എം അടിത്തറയാണ് ഇടതു മുന്നണിയുടെ ആത്മവിശ്വാസം. സഹതാപ തരംഗം ഏല്‍ക്കില്ലെന്നും അത് ചര്ച്ചയാക്കാതിരിക്കാനുമാണ് ഇടതു നീക്കം. പകരം പുതുപ്പള്ളിയുടെ വികസന മുരടിപ്പാണ് ഇടതു മുന്നണി പ്രധാന അജണ്ടയാക്കുന്നത്.
ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തില്‍ യുഡിഎഫ് ചെയര്‍മാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ നീക്കം.