കുത്തിവച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേല്‍ മണപ്പുറം ശരത് ഭവനില്‍ കൃഷ്ണപ്രിയയാണ് (28) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.
കൃഷ്ണപ്രിയ അബോധാവസ്ഥയിലായ സംഭവത്തില്‍ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർ വിനുവിനെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നാണിത്. കൃഷ്ണപ്രിയയ്ക്ക് അലർജിയും ആസ്ത്മയും ഉണ്ടായിരുന്നതായും അത് പരിഗണിക്കാതെയാണ് കുത്തിവയ്പ് എടുത്തതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
തിങ്കളാഴ്ചയായിരുന്നു സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്ണപ്രിയ തൈക്കാട് ആശുപത്രിയിലും തുടർന്ന് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തൈക്കാട് ആശുപത്രിയില്‍ സ്കാനിംഗ് നടത്തിയപ്പോള്‍ വൃക്കയില്‍ കല്ല് കണ്ടെത്തി. അല്പം മൂർച്ഛിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി സർജനെ കാണാനും നിർദ്ദേശിച്ചു.
തിങ്കളാഴ്ച ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി ഒ.പിയിലെത്തി സർജനെ കണ്ടു. പരിശോധനകള്‍ക്ക് ശേഷം വാർഡില്‍ പ്രവേശിപ്പിച്ചു. തുടർപരിശോധനകള്‍ക്കായി രക്തവും മൂത്രവും എടുത്ത് നല്കി. ഇത് ലാബില്‍ നല്‍കാനായി കൂടെയുണ്ടായിരുന്ന ബന്ധു പോയപ്പോള്‍ കുത്തിവയ്പ് നല്‍കിയെന്നാണ് പരാതി. തുടർന്ന് യുവതി ബോധരഹിതയായതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.