മദ്യപിച്ച കെഎസ്ആര്‍ടിസിക്കാരെ പിടികൂടാനെത്തി, ഊതിച്ചപ്പോള്‍ വനിതാ ജീവനക്കാരും പരിശോധിക്കാനെത്തിയവരും ‘ഫിറ്റ്’
മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. പരിശോധനയ്ക്ക് ഉപകരണവുമായി എത്തിയ സംഘം ഊതി നോക്കിയപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു .
പകുതിയോളം ജീവനക്കാരെ പരിശോധിച്ചതിനുശേഷമാണ് മെഷീൻ ഇങ്ങനെ മായം കാണിച്ചുതുടങ്ങിയത്. സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാർ ആണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു. ഡിപ്പോയില്‍ ഇന്ന് ഡ്യൂട്ടിയിലുളള ആരും മദ്യപിച്ച് ജോലിക്കെത്തിയിരുന്നില്ല.
മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും പരിശോധിച്ച് അവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിർദ്ദേശവും ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ പുറപ്പെടുവിച്ചിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട നിരവധി പേർക്കെതിരെ ഇതിനകം ശിക്ഷണ നടപടികളും സ്വീകരിച്ചിട്ടുണ്ട്.