ചൈല്‍ഡ് ഹെല്പ് ലൈന്‍ സേവനങ്ങള്‍ ഇനി മുതല്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന; സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098

തിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098ല്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. ഇതിനായി സംസ്ഥാനതല കണ്ട്രോള് റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കണ്ട്രോള് റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളില്‍ ഡിസിപിഒ യൂണിറ്റുകളോട് ചേര്‍ന്ന് 8 പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനതല കണ്ട്രോള് റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകള്‍ സംസ്ഥാന കണ്ട്രോള് റൂമിലാണ് എത്തുന്നത്. ഈ കോളുകള്‍ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈല്‍ഡ് ഹെല്പ് ലൈന്‍ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടന്‍ നടപടി സ്വീകരിക്കുന്നതുമാണ്. അടിയന്തര പ്രധാന്യമുള്ള എമര്‍ജന്‍സി കോളുകള്‍ 112ലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയും ആവശ്യ നടപടികള്‍ ഉറപ്പു വരുത്തുകയും ചെയ്യും. നിലവില്‍ 1098 എന്ന നമ്പര്‍ നിലനിര്‍ത്തിയാണ് പൊതു എമര്‍ജന്‍സി നമ്പരായ 112ല്‍ ചൈല്‍ഡ് ലൈന്‍ സേവനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്.