വൈപ്പിനിൽ നിന്നും കടലിന്നടിയിലൂടെ ഫോർട്ട് കൊച്ചിയിലേക്ക് എത്താം; രാജ്യത്തെ ആദ്യ ഭൂഗർഭ തുരങ്കപാതകളിൽ ഒന്നായി ഫോർട്ട് കൊച്ചി-വൈപ്പിൻ റോഡ് മാറും
തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും തമ്മിൽ കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമാണത്തിന് സർക്കാർ താൽപ്പര്യപത്രം ക്ഷണിക്കും. കെ–റെയിൽ സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പ് നിർദേശം നൽകുന്നത്.
2672 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഡിസൈൻ–ബിൽഡ്–ഫിനാൻസ്–ഓപ്പറേറ്റ്– ട്രാൻസ്ഫർ മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നിർദേശം.
ഒന്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ എറണാകുളത്ത് ചെല്ലാനം മുതൽ മുനന്പംവരെ 48 കിലോമീറ്ററാണുള്ളത്. വൈപ്പിൻ–ഫോർട്ട് കൊച്ചി ഭാഗത്തിനുപുറമെ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനന്പം– അഴീക്കോട് എന്നിവിടങ്ങളിൽ പാത മുറിയുന്നുണ്ട്.
ഇരട്ട ടണലുകളിൽ മൂന്നരമീറ്റർ വീതിയുള്ള സർവീസ് റോഡും നാലരമീറ്ററർ വീതിയിൽ ഹൈവേയുമാണ് നിർദേശിക്കുന്നത്. പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് ഇവ എത്തുന്നത്. ഒരോ 250 മീറ്ററിലും എമർജൻസി സ്റ്റോപ്പ് ബേ, ഓരോ 500 മീറ്ററിലും യാത്രക്കാർക്കുള്ള വെന്റിലേഷനോടുകൂടിയ എമർജൻസി എക്സിറ്റ് എന്നിവയുണ്ടാകും. കപ്പൽച്ചാലിന് കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. പത്തുമുതൽ 13 മീറ്റർ വരെയാണ് ഇവിടുത്തെ കപ്പൽച്ചാലിന്റെ ആഴം.
സ്ഥലമെറ്റെടുത്താൽ പദ്ധതി പൂർത്തിയാക്കാൻ രണ്ടരവർഷമാണ് കണക്കാക്കുന്നത്. രണ്ട് അലൈൻമെന്റുകളും നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് സാധ്യതാപഠന റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കിട്ടത്.
നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ഒരു ഭാഗത്ത് മെട്രോ ഉൾപ്പെടെയുള്ള വികസനത്തിൽ സർക്കാർ ശ്രദ്ധ നൽകിയപ്പോൾ മറുവശത്ത് റോഡ് വികസനത്തിനും വലിയ തോതിൽ ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. അത്തരത്തിൽ കൊച്ചി നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിൽ ഒന്നായാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത.
ഇത് നടപ്പിൽ വന്നാൽ വൈപ്പിൻകാരുടെ വലിയൊരു പരാതി അവസാനിക്കുകയും ചെയ്യും.
എങ്കിലും കേരളത്തിന് ഒട്ടും തന്നെ പരിചിതമല്ലാത്ത ഒരു രീതിയിലുള്ള റോഡാണ് ഫോർട്ട് കൊച്ചിക്കും വൈപ്പിനും ഇടയിൽ വരുന്നത്. നിലവിൽ ഇന്ത്യയിൽ തന്നെ ഇത്തരം പാത വേറെയില്ല. ഈ പദ്ധതി നടന്നാൽ രാജ്യത്തെ ആദ്യ ഭൂഗർഭ തുരങ്കപാതകളിൽ ഒന്നായി ഫോർട്ട് കൊച്ചി-വൈപ്പിൻ റോഡ് മാറും.
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്ക പാത നേരിടുന്ന വെല്ലുവിളികൾ പലതുമുണ്ട്. അതിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായി കണക്കാക്കുന്നത് കടൽത്തീരത്ത് നിന്ന് 35 മീറ്റർ താഴെ തുരങ്കം നിർമ്മിക്കുക എന്നതാണ്. ഇത് നിലവിൽ കേരളത്തിൽ ഒരിടത്തും നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തിയല്ല. മാത്രമല്ല അത്രയും സാങ്കേതിക വിദ്യ കൈവശമുള്ള കമ്പനികൾക്ക് മാത്രമേ അത് ചെയ്യാനും കഴിയൂ.
ജനസാന്ദ്രത ഏറിയതും വില കൂടിയതുമായ ഫോർട്ട് കൊച്ചി പ്രദേശത്ത് ഭൂമി ഏറ്റെടുക്കുക എന്നതും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ മണ്ണിന്റെ ഘടന ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടി വരും. കൂടുതൽ മികച്ച സാങ്കേതിക വിദ്യകൾ വിദേശത്ത് നിന്ന് പോലും ഇവിടേക്ക് എത്തിക്കേണ്ടിയും വരും.
എന്നാൽ ഈ തടസ്സങ്ങൾ മറികടന്ന് തുരങ്കപാത നിലവിൽ വന്നാൽ യാത്രക്കാർക്ക് വലിയ രീതിയിൽ സമയലാഭവും ധനലാഭവും ഒക്കെയുണ്ടാകും. പ്രതിമാസം 1500 രൂപയുടെ ലാഭമെങ്കിലും സ്ഥിരം യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കുന്നതിലൂടെ ഉണ്ടാവുമെന്നാണ് പഠനം. കൂടാതെ ദിവസേന 2 മണിക്കൂർ വച്ച് കണക്ക് കൂട്ടിയാൽ മാസം 60 മണിക്കൂറോളമാണ് ഇവർക്ക് യാത്രക്കായി കുറഞ്ഞു കിട്ടുന്നത്.













