തൊട്ടാൽ പൊള്ളും: സ്വർണവിലയിൽ വിറച്ച് വിപണി
സ്വർണവിപണി ഇന്നേവരെ കണ്ടിട്ടില്ലാത്ത കയറ്റിറക്കങ്ങൾക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. ഇന്നലെ രാവിലെ 1,24,520 രൂപയിൽ തുടങ്ങിയ വിപണി വൈകിട്ടായപ്പോൾ 1,25,040രൂപയിൽ എത്തിയിരുന്നു. അതായത് ഒറ്റദിവസം തന്നെ സ്വർണവിലയിൽ രണ്ട് തവണ വർദ്ധന രേഖപ്പെടുത്തുകയാണ്.
ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി പവൻ 1,24,680രൂപയിൽ എത്തി. ഇതോടെ 46 രൂപ കുറഞ്ഞ് 15,630 രൂപയിൽ നിന്ന് 15,585 രൂപയിലും എത്തി. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 17,002 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 15,585 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില ഒരു ഗ്രാമിന് 12,752 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയെയും നിയന്ത്രിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നയങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണ്ണത്തിലേക്ക് ചുവടുമാറ്റുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്. കൂടാതെ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളും വിപണിയെ ശക്തമായി സ്വാധീനിക്കുന്നു.












