നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഫെബ്രുവരി 6 വരെ നീണ്ടുനിൽക്കുന്ന റോഡ്ഷോ കൊച്ചി, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നീ നാല് ജില്ലകളിലൂടെയാണ് പര്യടനം നടത്തുന്നത്. മാരത്തണിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും കായികക്ഷമതയുടെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനുമായാണ് ഈ വിപുലമായ പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ചടങ്ങിൽ തൃക്കാക്കര കൗൺസിലർ പ്രിയ ബാബു, ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ, ഫെഡറൽ ബാങ്ക് എ.വി.പി സൂരജ് എസ്. ഭട്ട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
’മൂവ് വിത്ത് പർപ്പസ്’ (Move with Purpose) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://kochimarathon.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.













