എഐ ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയതെന്ന് ചെന്നിത്തല
സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്മാന് മറുപടി നല്‍കിയില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയത്. ഇടപാടില്‍ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും പുറത്തുവിട്ടു.
എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെല്‍ട്രോണ്‍ ക്യാമറകളുടെ വിലവിവരം പുറത്തുപറയാന്‍ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കെല്‍ട്രോണ്‍ പൊതു മേഖല സ്ഥാപനമായതിനാല്‍ അവര്‍ക്ക് വിവരാവകാശത്തിന് മറുപടി നല്കാന് ബാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെല്‍ട്രോണ്‍ ഉപകരാര്‍ എടുത്ത കമ്പനികളുടെ ഏജന്റ് ആയി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമറയുടെ വില പുറത്ത് വിട്ടാല്‍ കെല്‍ട്രോണിന് എന്ത് സംഭവിക്കാനാണെന്ന് ചോദിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകുമെന്നും പറഞ്ഞു.
കെല്‍ട്രോണ്‍ ചെയര്മാന് നാരായണ മൂര്‍ത്തിക്ക് എം ശിവശങ്കരന്റെ അനുഭവമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ ഇടപാടില്‍ ഭാഗമായ അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് രേഖയെന്നും പറഞ്ഞു. ഈ രേഖയാണ് കെല്‍ട്രോണ്‍ പുറത്തുവിടാത്തതെന്നും ഒരു സ്വകാര്യ കമ്പനിയുടെ ട്രേഡ് സീക്രട്ട് പുറത്താകുമെന്ന് പറയുന്ന വിചിത്ര മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് നല്‍കിയതെന്നും പറഞ്ഞു.