എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പണി തുടങ്ങും; നാളെ മുതല്‍ പിഴയീടാക്കും
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ക്യാമറകള്‍ ഉപയോഗിച്ച് പിഴയീടാക്കിത്തുടങ്ങും. ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്താല്‍ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ 12 വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ മുറിച്ചു കടക്കല്‍, ഇരുചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ സഞ്ചരിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നതില്‍ മുന്‍ഗണനയെന്നും മന്ത്രി അറിയിച്ചു.