ഇന്‍ഡിഗോ വിമാനത്തിലെ കയ്യാങ്കളി; ഇ പി ജയരാജനെതിരായ കേസ് എഴുതിത്തള്ളുന്നു
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിരോധിച്ച ഇ പി ജയരാജനെതിരായ പരാതി എഴുതിത്തള്ളുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദിന്റെയും നവീന്‍ കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.
ഇ്ത് തടയാനെത്തിയ ഇ.പി ജയരാജന് ഇരുവരേയും ആക്രമിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ട് പരാതിക്കാരായ ഫര്സീന് മജീദിനും നവീന്‍ കുമാറിനും വലിയതുറ പോലീസ് കണ്ണൂരിലെത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്.
വിഷയത്തില്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.