ഓണക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ മദിരാശി കേരള സമാജം ഒരുങ്ങിക്കഴിഞ്ഞു

നഗരത്തിലെ ഓണക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ മദിരാശി കേരള സമാജം നാടൻരുചി വിളമ്പാൻ ഒരുങ്ങിക്കഴിഞ്ഞു. നേന്ത്രക്കായ, ചിപ്സ്, അച്ചാർ, പപ്പടം, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങി ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ സമാജത്തിലെ ഓണച്ചന്തയിൽ ലഭ്യമാക്കും. പാലക്കാട് മണ്ണാർക്കാട്ടെ തോട്ടങ്ങളിൽനിന്ന് 2,000 കിലോ നേന്ത്രക്കായയാണ് വിൽപനയ്ക്ക് എത്തിക്കുക. വേഗത്തിൽ പഴുത്തു പോകുന്ന പ്രശ്നം ഒഴിവാക്കാൻ ഘട്ടംഘട്ടമായാണ് എത്തിക്കുക. കോഴിക്കോടൻ ചിപ്സാണ് മറ്റൊരു പ്രധാന ഇനം. കോഴിക്കോട് ഉള്ളിയേരിയിലെ ഗ്രാമീണ ചന്തയിൽ നിന്നാണ് ചിപ്സ് വിൽപനയ്ക്ക് എത്തിക്കുക. നഗരത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന സദ്യയ്ക്ക് ആവശ്യമായ സാധനങ്ങളും മറ്റു വിഭവങ്ങളും കേരളത്തിൽനിന്ന് എത്തിക്കാനാണു വ്യാപാരി കൂട്ടായ്മകൾ . ഇതിനുള്ള ഒരുക്കങ്ങൾ നാട്ടിൽ ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം ഇവ ചെന്നൈയിൽ എത്തുന്നതോടെ ഇവിടെ ആഘോഷത്തിനു കൊടിയേറും.