കേരളത്തിന് ലോകബാങ്ക് 1228.6 കോടി രൂപയുടെ അധിക വായ്പ അനുവദിച്ചു
കേരളത്തിന് 1228.6 കോടി രൂപയുടെ അധിക വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പ് പദ്ധതികള്‍ക്കായാണ് വായ്പ. തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് ഈ ധന സഹായം മുതല്‍ക്കൂട്ടാകുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.
നേരത്തെ നല്കിയ 1023 കോടിയുടെ വായ്പയ്ക്ക് പുറമെയാണ് പുതിയ വായ്പ. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പടെ 14 വര്‍ഷത്തെ കാലാവധിയോടെയാണ് പുതിയ വായ്പ അനുവദിച്ചിരിക്കുന്നത്. തീരദേശ ശോഷണം പരിഹരിക്കുന്നതിനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും അധിക ധനസഹായത്തിന്റെ വിനിയോഗമെന്ന് ലോക ബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് ദിവസം മുമ്പ് ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് ലോക ബാങ്ക് അധിക വായ്പ അനുവദിച്ചിരിക്കുന്നത്.