മുന്‍മന്ത്രി വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടിയാണ് നോട്ടീസ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് വിളിച്ചു വരുത്തുന്നത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
ഇതിനു മുന്‍പ് മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശിവകുമാര്‍ ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഹാജരാകാമെന്ന് ശിവകുമാര്‍ ഇഡിയെ അറിയിക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്. തുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാതെ നാലാം തവണയും ഇ.ഡി നോട്ടീസ് നല്‍കിയത്.
ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകള്‍, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകള്‍, ബിനാമി ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ശിവകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.