10 വർഷം പ്രണയം, നിശ്ചയശേഷം തെറ്റിപ്പിരിഞ്ഞു; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരനായ യുവാവ് അറസ്റ്റിൽ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം 22–ാം വയസ്സിൽ അവസാനിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.
പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനംനൊന്ത് തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറു മാസം മുൻപ് തൂങ്ങിമരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിശ്രുത വരനായിരുന്ന അശ്വിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറിൽ ഇരു കുടുംബങ്ങളും ചേർന്നു നടത്തി. തുടർന്ന് ജോലിയാവശ്യാർഥം ഗൾഫിലേക്കു പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ വഴക്കിട്ടശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ വഴക്കിട്ട ശേഷം വിവാഹബന്ധത്തിൽനിന്ന് അശ്വിൻ പിൻമാറിയതിൽ മനംനൊന്ത് മന്യ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
വിദേശത്തായിരുന്ന അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിനു ലഭിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം.അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.