ഇന്‍ഡോനീഷ്യയില്‍ ഫുട്ബോള്‍ മാച്ചിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; 129 പേര് കൊല്ലപ്പെട്ടു
ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മാച്ചിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര് കൊല്ലപ്പെട്ടു. ഇന്‍ഡോനീഷ്യന്‍ ലീഗ് സോക്കര്‍ മാച്ചിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.
അരേമ എഫ്സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തോറ്റ ടീമായ പെര്‍സേബായ സുരാബായയുടെ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും പ്രതിരോധിക്കുകയും ചെയ്തിട്ടും ആരാധകര്‍ ആക്രമണം തുടര്‍ന്നു.
ടീമുകളുടെ ജേഴ്സിയണിഞ്ഞ ആരാധകര്‍ പോലീസിനെയും സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്‍ഡോനീഷ്യന്‍ സുരക്ഷാ വിഭാഗത്തോടും ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര് പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ഇരുനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.