മലേഗാവ് സ്ഫോടനക്കേസിലെ 21ാമത്തെ സാക്ഷിയും കൂറുമാറി; കേണൽ പുരോഹിതിനെ തിരിച്ചറിയാനാകുന്നില്ലെന്ന് സാക്ഷി
മലേഗാവ് സ്ഫോടനക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ ലെഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിതിന് ആയുധങ്ങൾ നൽകിയിരുന്നതായി ആരോപിക്കപ്പെട്ടിരുന്ന ആയുധവ്യാപാരിയാണ് കൂറുമാറിയത്. പ്രസാദ് പുരോഹിതിനെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നായിരുന്നു സാക്ഷിയുടെ മൊഴി. കേസിൽ കൂറുമാറുന്ന ഇരുപത്തിയൊന്നാമത്തെ സാക്ഷിയാണ് ഇയാൾ. മലേഗാവ് കേസിൽ ഇതുവരെ 252 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.
പൂനെയിൽ ആയുധങ്ങളുടെ വ്യാപാരം നടത്തുന്ന താൻ 2006-ൽ പുരോഹിതിന് വെടിയുണ്ടകൾ വിറ്റിട്ടുണ്ടെന്ന് സാക്ഷി കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ സൈനികനും ലൈസൻസുള്ളയാളുമായ പുരോഹിതിന് താൻ വെടിയുണ്ടകൾ വിറ്റതിൽ നിയമവിരുദ്ധമായൊന്നുമില്ലെന്നാണ് ബുധനാഴ്ച ഇയാൾ കോടതിയിൽ പറഞ്ഞത്.
2006 സെപ്റ്റംബറിൽ പുരോഹിത് ലൈസൻസ് രേഖകളില്ലാതെ തൻ്റെ കയ്യിൽ നിന്നും ആയുധം വാങ്ങാൻ ശ്രമിച്ചെന്നായിരുന്നു ഇയാൾ അന്വേഷണ ഏജൻസികൾക്ക് നൽകിയിരുന്ന മൊഴി. ഈ മൊഴിയാണ് സാക്ഷി കോടതിയിൽ നിഷേധിച്ചത്. പുരോഹിതിന് ലൈസൻസുണ്ടെന്നായിഒരുന്നു താൻ മൊഴി നൽകിയതെന്ന് സാക്ഷി കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരത്തിനിടയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അവിനാഷ് റസൽ കാണിച്ച ആയുധം തനിക്ക് തിരിച്ചറിയാനാകുന്നില്ലെന്നും സാക്ഷി പറഞ്ഞു.
പ്രസാദ് പുരോഹിതിനെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും സാക്ഷി പറഞ്ഞു. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാലും തൻ്റെ രോഗാവസ്ഥ കൊണ്ടുമാണ് പുരോഹിതിനെ തിരിച്ചറിയാൻ സാധിക്കാത്തതെന്നും സാക്ഷി അവകാശപ്പെട്ടു. പുരോഹിതിനെ രക്ഷിക്കാൻ വേണ്ടി നുണ പറയുകയാണെന്ന പ്രോസിക്യൂഷൻ്റെ ആരോപണവും ഇയാൾ നിഷേധിച്ചു.
കേസിലെ ഇരകളുടെ അഭിഭാഷകനായ ഷാഹിദ് നദീം, എൻഐഎയ്ക്ക് ഒരു കത്തയച്ചിട്ടുണ്ട്. പ്രധാന പ്രതിയായ ലഫ്റ്റനൻ്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിൻ്റെ കമാൻഡിങ് ഓഫീസർ ആയിരുന്ന ഒരു സാക്ഷിയെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഷാഹിദ് നദീമിൻ്റെ കത്ത്. കത്തിൽ പരാമർശിക്കപ്പെടുന്നയാൾ കൂറുമാറിയ ഇരുപതാമത്തെ സാക്ഷിയാണ്. ഇദ്ദേഹം സർവ്വീസിൽ നിന്നും നിർബന്ധിത വിരമിക്കൽ നേടിയിരുന്നു. കൂറുമാറിയ ഈ സാക്ഷിയെ ക്രിമിനൽ നടപടി ചട്ടം 319 പ്രകാരം പ്രതിയായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം.
അതേസമയം, മലേഗാവ് സ്ഫോടനക്കേസിലെ അന്വേഷണപുരോഗതിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി എൻഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2008 സെപ്റ്റംബർ 28-നാണ് മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലുള്ള മലേഗാവിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.