പഞ്ചാബില്‍ വിഷവാതകച്ചോര്‍ച്ച; 9 പേര് മരിച്ചു, 11 പേര് അതീവ ഗുരുതരാവസ്ഥയില്‍
പഞ്ചാബില്‍ വിഷവാതകച്ചോര്‍ച്ചയില്‍ 9 മരണം. ലുധിയാനയിലെ ഒരു ഫാക്ടറിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 7.15ഓടെയാണ് ഗ്യാസ് ചോര്‍ന്ന വിവരം ഫയര്‍ ഫോഴ്സ് അറിഞ്ഞത്. സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ആളുകള്‍ റോഡിന്റെ വശങ്ങളിലും മറ്റുമായി ബോധമറ്റ് വീണ് കിടക്കുന്നതാണ്. കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പാലുത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിംഗ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.