നാടിനെയാകെ നടുക്കി കശ്മീർ താഴ്വരയിലെ ഗന്ദേർബാൽ ജില്ലയിൽ പതിനാലുകാരി കൊല്ലപ്പെട്ടു

നാടിനെയാകെ നടുക്കി കശ്മീർ താഴ്വരയിലെ ഗന്ദേർബാൽ ജില്ലയിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവം . കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ കൊലപാതകിയെ പൊലീസ് കണ്ടെത്തിയതോടെ നാട്ടിലുള്ളവരെല്ലാം അമ്പരന്നിരിക്കുകയാണ്. പെൺകുട്ടിയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് മൂത്ത സഹോദരി മരകഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഖ്സ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ സജ്ജീകരിച്ച് അന്വേഷണവും ആരംഭിച്ചു. ഫോറൻസിക്ക് വിഭാഗം ക്രൈം സീനിൽ നിന്നും സാമ്പിളുകളും ശേഖരിച്ചു. താഴ്വരയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ പ്രണയവുമായി ബന്ധപ്പെട്ട പല വാർത്തകളും പ്രചരിച്ചിരുന്നു. കാമുകൻ പെൺകുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു കഥകൾ. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതെല്ലാം അന്നേ തള്ളിക്കളഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് സഹോദരിമാരെ ചിലർ ഒരുമിച്ച് കണ്ടിരുന്നു. ഇതോടെ പൊലീസ് സഹോദരിയെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർഥ്യം പുറത്ത് വന്നത്. വീടിന് പുറത്തിറങ്ങിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേതുടർന്ന് മൂത്തയാൾ മരകഷ്ണം കൊണ്ട് ഇളയ കുട്ടിയുടെ തലയ്ക്കടിക്കുകയാണ് ഉണ്ടായത്. അടിയുടെ ആഘാതത്തിലാണ് പെൺകുട്ടി മരിച്ചത്.