കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
വയനാട് മാനന്തവാടി കബനി പുഴയിൽ തല വേർപെട്ട നിലയിലുള്ള പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. രാവിലെ വെള്ളത്തിൽ പൊങ്ങി കിടന്ന നിലയിൽ ചങ്ങാടകടവ് പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നും പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായും മനന്തവാടി പൊലീസ് അറിയിച്ചു.
നിലവിൽ ഇതൊരു അത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. തലയില്ലാത്തതിനാൽ തന്നെ ആളെ തിരിച്ചറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Content highlights: headless body, Dead Body, Kabanipuzha