നാശം വിതച്ച് മഴ; പാലക്കാട് ഓടുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് മരം വീണു
പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് നൊട്ടൻമല വളവിൽ ഓടുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് മരം വീണു. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടക്കം തകർന്നെങ്കിലും ആർക്കും പരിക്കുകൾ ഇല്ല.
യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. പാലക്കാടു നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്നു ബസ്. നൊട്ടൻമല വളവിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ പകർത്തുന്നതിനിടെയാണ് മരം പൊട്ടി വീണതും ദൃശ്യത്തിൽ പെട്ടതും. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചത്.
കൂടാതെ കൊപ്പം- വളാഞ്ചേരി റോഡിൽ തിരുവേഗപ്പുറ നരിപ്പറമ്പ് ഗവ. യുപി സ്കൂളിനു മുന്നിലെ മരവും റോഡിലേക്കു വീണു. സ്കൂളിൽ കുട്ടികൾ എത്തി ക്ലാസുകൾ തുടങ്ങിയതിനു ശേഷം ആയതും രക്ഷയായി. ഇന്നലെ രാവിലെയാണ് സംഭവം. കൊപ്പം, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നായി സ്വകാര്യ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഈ സമയം സ്കൂളിന് മുന്നിൽ എത്തിയിരുന്നു.
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കനത്ത മഴയും കാറ്റും കാരണം രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായി. ഇരുചക്ര വാഹനങ്ങൾ അടക്കം മണിക്കൂറുകളോളം കുടുങ്ങി. നാട്ടുകാരും കൊപ്പം പൊലീസും എത്തി മരം നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Content Highlights: Rain, Tree, KSRTC, Palakkad,