ഇലന്തൂര്‍ നരബലിക്കേസ്; മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു
ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്കിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു പ്രതികളെയും ഒക്ടോബര്‍ 26-ാം തിയതി വരെ റിമാന്‍ഡ് ചെയ്തത്. ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ലൈലയെ വനിതാ ജയിലിലേക്ക് മാറ്റും.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്നു തന്നെ നല്‍കുമെന്ന് പോലീസ് അറിയിച്ചു. തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും എത്തിച്ചത്. പൊലീസിനെതിരെ പരാതി ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു.
ഷാഫി വേറെയും സ്ത്രീകളെ പൂജയില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.