നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് റിപ്പോർട്ട്
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ മെമ്മറികാർഡിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം സംഭവിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലുള്ളപ്പോഴും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്.
തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ നിരസിച്ചിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് പരിശോധനക്ക് അനുമതി നൽകിയത്. കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടാനും തീരുമാനിച്ചു.
മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്ന് നടിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ വൈകിപ്പിക്കാനാണ് കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്താണ് ഹരജി. അഭിഭാഷകർക്കെതിരെ അന്വേഷണത്തിന് കോടതിപോലും അനുമതി നൽകിയിട്ടും ഉന്നത സമ്മർദത്തെത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിൻവലിയുന്നുവെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. ഇതിനിടെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി മറ്റന്നാൾ അവസാനിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
സുനിയുടെ ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തൊരു പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ആവ്യപ്പെട്ടു.അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹരജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് ഹരജി മാറ്റിയത്.
ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തം വേണമെന്ന് കോടതി നടിയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി . മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്നും എന്നാൽ ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.
Content Highlights: Actress assault case memory Card Hash value Change