ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് നല്‍കിയത് കനത്ത തിരിച്ചടി; അദാനി ഗ്രൂപ്പിന് നഷ്ടം നാലു ലക്ഷം കോടിയിലേറെ രൂപ
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചു പോയത് നാലു ലക്ഷം കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി മൂല്യം പെരുപ്പിച്ചു കാണിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളും നഷ്ടത്തിലാണ് രണ്ടാം ദിവസവും വ്യാപാരം നടത്തുന്നത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി വില്‍മര്‍, അദാനി പവര്‍, അംബുജ സിമന്റ്, എസിസി, അദാനി ടാന്‍സ്പോര്‍ട്ടേഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍, എന്‍ഡിടിവി എന്നീ കമ്പനികളുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ്.
അദാനി ട്രാന്‍സ്പോര്‍ട്ടേഷന്റെ വിപണിമൂല്യത്തില്‍ നിന്ന് 83,000 കോടിയും ഗ്രീനിന്റെ മൂല്യത്തില്‍ നിന്ന് 68,000 കോടിയും നഷ്ടമായി. അദാനി എന്റര്‍പ്രൈസസ് 63,000 കോടി, പോര്‍ട്സ് 41,000 കോടി, വില്‍മര്‍ 7000 കോടി, പവര്‍ 10300 കോടി, അംബുജ സിമെന്റ്സ് 31,000 കോടി, എസിസി 11,200 കോടി, എന്‍ഡിടിവി 1,800 കോടി എന്നിങ്ങനെയാണ് രണ്ടു ദിവസത്തിനിടെ മറ്റു കമ്പനികളുടെ നഷ്ടം.