ജീവന് ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍
തന്റെ ജീവന് ഭീഷണിയുണ്ടെന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന് ആര് കൃഷ്ണരാജ് കോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് ജാമ്യം വേണമെന്ന ആവശ്യവുമായി കൃഷ്ണരാജ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചില്ലെങ്കില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്ന് കൃഷ്ണരാജ് കോടതിയില്‍ പറഞ്ഞു.
അങ്ങനെ വന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്ന് ഉദയ്പൂര്‍ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് കൃഷ്ണരാജിന്റെ അഭിഭാഷകന് വാദിച്ചത്. സംഭവത്തിന്റെ പത്രവാര്‍ത്തകളും കോടതിയില്‍ അഭിഭാഷകന് ഹാജരാക്കി. ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണരാജിന്റെ അഭിഭാഷകന് അറിയിച്ചു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യൂണിഫോമിന് പകരം മതപരമായ വേഷം ധരിച്ച് ഡ്യൂട്ടി ചെയ്യുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ കൃഷ്ണരാജ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ അന്തിമവാദത്തിലാണ് അഭിഭാഷകന് പുതിയ വാദം ഉന്നയിച്ചത്. കേസ് വിധി പറയാന്‍ മാറ്റി.
Content Highlights: Swapna Suresh, Adv Krishnaraj, Gold Smuggling Case, HRDS