അഗ്നിപഥില് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് സേനാ വിഭാഗങ്ങള്; പ്രതിഷേധങ്ങളില് പങ്കെടുത്ത് കേസില് പെടുന്നവര്ക്ക് നിയമനമില്ല
വിവാദമായ അഗ്നിപഥ് പദ്ധതിയില് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് സേനാ വിഭാഗങ്ങള്. കരസേനയുടെ വിജ്ഞാപനം ജൂണ് 20 തിങ്കളാഴ്ച പുറപ്പെടുവിക്കും. 24ന് വ്യോമസേനയും 25ന് നാവികസേനയും വിജ്ഞാപനം പുറപ്പെടുവിക്കും. ആദ്യബാച്ചിന്റെ രജിസ്ട്രേഷന് നടപടികള് ജൂണ് 24 മുതല് ജൂലൈ 24 വരെയുള്ള സമയത്ത് പൂര്ത്തിയാക്കും.പിന്നാലെ ഓണ്ലൈന് പരീക്ഷ നടത്തിയായിരിക്കും റിക്രൂട്ട്മെന്റ് നടപടികള്ക്ക് തുടക്കം കുറിക്കുക. ആദ്യബാച്ച് അഗ്നിവീരന്മാര് ഡിസംബര് മാസത്തോടെ സൈന്യത്തിന്റെ ഭാഗമാകും.
കരസേനയില് ഓഗസ്റ്റ്, സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളിലായി റിക്രൂട്ട്മെന്റ് റാലികള് രാജ്യമൊട്ടാകെ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവരില് ആദ്യബാച്ച് ഡിസംബറിലും രണ്ടാം ബാച്ച് ഫെബ്രുവരിയിലും പരിശീലനം ആരംഭിക്കും. ഡിസംബറില് തന്നെ പരിശീലനം ആരംഭിക്കാനാണ് നീക്കമെന്ന് വ്യോമസേന അറിയിച്ചു. നാവികസേനയില് നവംബര് 21ന് മുന്പായി പരിശീലനം ആരംഭിക്കും. നാവികസേനയില് ജൂലൈ 24 മുതല് ഓണ്ലൈന് പ്രാഥമിക പരീക്ഷ ആരംഭിക്കും. വനിതകള്ക്കും നാവികസേനയില് നിയമനം ലഭിക്കും.
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളില് പങ്കെടുത്ത് കേസുകളില് പെടുന്നവര്ക്ക് നിയമനം നല്കേണ്ടതില്ല എന്നാണ് സേനാ വിഭാഗങ്ങളുടെ തീരുമാനം. നിയമനത്തിനുള്ള അപേക്ഷയില് ഇതു സംബന്ധിച്ചുള്ള വിവരങ്ങള് രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്നവര്ക്കായി കര്ശന പോലീസ് വേരിഫിക്കേഷന് ഉണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയില് കൂടുതല് വിശദീകരണവുമായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെടുന്ന അഗ്നിവീരന്മാര്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്കും. സൈനികര്ക്ക് നിലവിലുള്ള അലവന്സുകളും അഗ്നിവീറിനും ലഭിക്കും. നിലവിലുള്ള സൈനികരും അഗ്നിവീര് സൈനികരും തമ്മില് വേര്തിരിവുണ്ടാകില്ല. സേവന കാലാവധി പൂര്ത്തിയാക്കുന്നവര്ക്കുള്ള ജോലി സംവരണം പദ്ധതിയിലുണ്ടെന്നും പ്രതിഷേധം കണ്ട് ചേര്ത്തതല്ല അതെന്നുമാണ് വിശദീകരണം.
Content Highlight: Agnipath, Army, Airforce, Navy, Protest