അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുന്നത് സ്ത്രീകള്‍ മാത്രം; നിര്‍ദേശം നല്കി പ്രതിരോധ മന്ത്രാലയം
അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുന്നത് സ്ത്രീകള്‍ മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം. മാര്‍ച്ച് ചെയ്യുന്ന സായുധ സേനാംഗങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും മറ്റും പങ്കെടുക്കുന്നതും സ്ത്രീകള്‍ മാത്രമായിരിക്കും. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയം സായുധ സേനകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്കി.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു. സൈന്യത്തിലും മറ്റു മേഖലകളിലും സ്ത്രീ ശാക്തീകരണവും പ്രാതിനിധ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.
2015ലാണ് ആദ്യമായി വനിതകള്‍ പരേഡില്‍ പങ്കെടുത്തത്. മൂന്ന് സേനാ വിഭാഗങ്ങളില്‍ നിന്നുമുള്ള വനിതകള്‍ പരേഡില്‍ അണിനിരന്നു. ഇപ്പോള്‍ സൈനിക വിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും കമാന്‍ഡര്‍മാരായി സ്ത്രീകളെ നിയോഗിച്ചു കൊണ്ടിരിക്കുകയാണ്.