‘തൊണ്ടി മുതൽ കോടതിയിൽ നിന്ന് മാറ്റിയത് ആൻറണിരാജു ; മന്ത്രിയെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ
തൊണ്ടിമുതലിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. സോഷ്യമീഡിയയിലൂടെയാണ് മാധ്യമപ്രവർത്തകൻ രേഖകളിൽ പുറത്തുവിട്ടത്.
കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നത്. 1994ലാണ് മന്ത്രി ആൻറണി രാജുവിനെതിരെ കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷവുമായി.
സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഹാഷിഷു കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിലായത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കുന്നതിനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്റണി രാജുവിന്റെ സീനിയർ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വഷത്തേക്ക് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി സാർലിയെ വെറുതെവിട്ടു. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്.
എന്നാൽ തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂർ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്നാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതെന്നും അന്വേഷണത്തിലെ കണ്ടെത്തി.
Content Highlights: Antony Raju, Case,