അരിക്കൊമ്പന് തമിഴ്നാട്ടില്‍ കടന്നു; ചിന്നക്കനാല്‍ ലക്ഷ്യമാക്കി പോകുന്നുവെന്ന് സൂചന
അരിക്കൊമ്പന് കേരളം വിട്ടു. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ അനുസരിച്ച് അവന് കുമളിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ലോവര്‍ ക്യാംപ് പവര്‍ ഹൗസിനടുത്തുള്ള വനത്തില്‍ അരിക്കൊമ്പന് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ആന നടക്കുന്ന പാതയില്‍ തുടരുകയാണെങ്കില്‍ ചിന്നക്കനാലില്‍ അവന് എത്താം. കമ്പംമെട്ട്, ബോഡിമെട്ട് വനത്തിലൂടെ മതികെട്ടാന്‍ ചോലയില്‍ എത്തിയാല്‍ ആനയ്ക്ക് വളരെപ്പെട്ടെന്ന് ചിന്നക്കനാലില്‍ എത്താനാകും.
വ്യാഴാഴ്ച രാത്രി റോസാപ്പൂക്കണ്ടത്ത് ജനവാസ മേഖലയുടെ 100 മീറ്റര്‍ അരികില്‍ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ഇവിടെ നിന്ന് വനംവകുപ്പ് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെ അരിക്കൊമ്പന് റോസാപ്പൂക്കണ്ടത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുമളിക്ക് തൊട്ടടുത്തായി മേദകാനം ഭാഗത്ത് അരിക്കൊമ്പന് എത്തിയിരുന്നു. കുമളിയിലെ ജനവാസ പ്രദേശത്തിന് തൊട്ടടുത്താണ് ഇത്.
ഒരാഴ്ച മുന്‍പ് കേരളത്തിലെത്തിയ ആന മേദകാനം കേന്ദ്രീകരിച്ചായിരുന്നു അവന് മറ്റിടങ്ങളിലേക്ക് നീങ്ങിയത്. ഇന്നലെ റോസാപ്പൂക്കണ്ടത്ത് ജനവാസ കേന്ദ്രം കണ്ടെത്തിയ ആന ഇവിടേക്ക് വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് വിലയിരുത്തിയിരുന്നു.