അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ദൗത്യം തുടരുന്നു
ചിന്നക്കനാലില്‍ ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു. ദൗത്യസംഘം തലവന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. സൂര്യനെല്ലി, സിമന്റ് പാലത്തിന് സമീപത്തു വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റും.
നിലവില്‍ ആനയെ വിദഗ്ദ്ധ സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ച സമയമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കിയതിനു ശേഷമാണ് ആനയെ മാറ്റുന്നത്. ആകെ മൂന്ന് ഡോസ് മയക്കുവെടി വെച്ചു. ദൗത്യത്തിനായി എത്തിയിരിക്കുന്ന കുങ്കിയാനകളെ ആനയുടെ അടുത്തെത്തിച്ച ശേഷം ലോറിയിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിക്കും.
301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന് സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.