ആദിവാസി യുവാവ് മധു മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു മരിച്ചത് പോലീസ് കസ്റ്റഡിയിലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. കേസില്‍ രണ്ടു മജിസ്റ്റീരിയല്‍ അന്വേഷണങ്ങളാണ് നടന്നത്. മധു മരിച്ചത് പോലീസ് കസ്റ്റഡിയിലാണെന്ന് രണ്ടു റിപ്പോര്‍ട്ടുകളിലും പറയുന്നു. അതേസമയം കസ്റ്റഡിയില്‍ വെച്ച് മധുവിന് മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മധു കേസില്‍ വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി.
ക്രൂര മര്‍ദ്ദനമേറ്റ മധു പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവശ നിലയിലായിരുന്നു. മൂന്നു പോലീസുകാരാണ് മധുവിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് നടത്തിയ ഈ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഫയലില്‍ ചേര്‍ത്തിട്ടില്ലെന്നും അത് ഫയലില്‍ ഉള്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ കോടതി വിളിച്ചു വരുത്തിയത്.
മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോര്‍ജ് എന്നിവരാണ് രണ്ടു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും. ജെറോമിക് ജോര്‍ജ് നിലവില്‍ തിരുവനന്തപുരം ജില്ലാ കളക്ടറാണ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്ന എം രമേശന് സര്‍വീസില്‍ നിന്ന് വിരമിച്ചു.