അട്ടപ്പാടി മധു വധക്കേസ്; വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിലേക്ക്
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലി ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം വിചാരണാ നടപടികള്‍ വീണ്ടും ആരംഭിച്ചാല്‍ മതിയെന്നാണ് ആവശ്യം. നിലവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ സി.രാജേന്ദ്രന് വേണ്ട രീതിയില്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നില്ലെന്നാണ് മധുവിന്റെ കുടുംബം പരാതിപ്പെടുന്നത്.
വിചാരണ നടക്കുന്ന മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ്ഗ സ്പെഷ്യല്‍ കോടതിയില്‍ ഇക്കാര്യം മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതു വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് മല്ലി ആവശ്യപ്പെട്ടെങ്കിലും ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിരന്തരം ഹാജരാകാതിരുന്നതു മൂലം കേസില്‍ വിചാരണ വൈകിയിരുന്നു. ഇതു വിവാദമായതിന് പിന്നാലെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.
പക്ഷേ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കുടുംബം രംഗത്തെത്തുകയായിരുന്നു. 122 സാക്ഷികളില്‍ രണ്ടു സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. അവര്‍ രണ്ടു പേരും കൂറുമാറുകയും ചെയ്തു. മധുവിന്റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്ണനുമാണ് കൂറുമാറിയത്. പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ കൂറുമാറ്റുകയാണെന്ന പരാതിയാണ് കുടുംബ ഉന്നയിക്കുന്നത്.
Content Highlights: Madhu Murder Case, Attappadi, Prosecutor, Kerala Government