പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തിൽ ബെഹ്റക്ക് ക്ലീൻ ചിറ്റ്; ധനവകുപ്പിന്റെ ശിപാർശ മന്ത്രിസഭായോഗം തള്ളി
പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് പണിയുന്നതിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ക്ലീൻചിറ്റ് നൽകി സർക്കാർ. ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളിയാണ് ഈ നടപടി. 4.33 കോടിയുടെ ഫണ്ട് ഉപയോഗിച്ചാണ് വില്ലകളും ഓഫീസും നിർമിച്ചത്. എന്നാൽ പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നായിരുന്നു ഇക്കാര്യത്തിൽ ധനവകുപ്പിന്റെ നിലപാട്.
സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്നാണ് പൊലീസ് വകുപ്പിന്റെ നടപടിയെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. ഈ നിലപാടിന് ധനമന്ത്രിയുടെ അംഗീകാരമുണ്ടെന്നും വകുപ്പ് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് വകുപ്പിന്റെ ആധുനികവൽക്കരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമിക്കാൻ പണം അനുവദിച്ചിരുന്നത്. എന്നാൽ, സർക്കാർ അനുമതിയില്ലാതെ ഈ ഫണ്ട് വകമാറ്റുകയായിരുന്നു. ക്വാർട്ടേഴ്സിനു പകരം ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കായി കൂറ്റൻ വില്ലകളാണ് പണിതത്. തിരുവനന്തപുരം വഴുതക്കാട്ടാണ് വില്ലകൾ നിർമിച്ചിരിക്കുന്നത്.
സി.എ.ജിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. വില്ലകൾക്കു പുറമെ ഈ ഫണ്ടുകൊണ്ട് ഓഫീസുകളും നിർമിച്ചതായി സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ വാങ്ങിയതിലടക്കം ബെഹ്റ നടത്തിയ വേറെയും ഇടപാടുകളിലും ഏജൻസി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഫണ്ട് വകമാറ്റി ചെലവഴിച്ചതിൽ ബെഹ്റയ്ക്ക് ക്ലീൻചിറ്റ് നൽകുകയായിരുന്നു. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്ന കർശനനിർദേശത്തോടെയായിരുന്നു നടപടി വകുപ്പ് സാധൂകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫണ്ട് വകമാറ്റം അംഗീകരിച്ചത്.
Content Highlights: Behra, funds, police headquarters