ബിഗ് ബോസ് മലയാളം സീസണ്-5 തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍; ഇത്തവണ തീപാറും
ബിഗ് ബോസ് മലയാളം സീസണ് 5ന്റെ പ്രമോ വീഡിയോകള്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാണ് പുതിയ സീസണ് ആരംഭിക്കുകയെന്ന് അവര്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ മോഹന്‍ലാല്‍ തന്നെയായിരിക്കുമോ അവതാരകന് എന്ന് ആദ്യ ഘട്ടത്തില്‍ സംശയമുണ്ടായിരുന്നു. അതിന് കാരണമായത് സുരേഷ് ഗോപി അവതരിപ്പിച്ച ഒരു പ്രമോ വീഡിയോ ആയിരുന്നു. എന്നാല്‍ പിന്നീട് ആ സംശയങ്ങള്‍ മാറി. മോഹന്‍ലാല്‍ പ്രമോകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് പ്രമോകള്‍ അടിക്കടി എത്താന്‍ തുടങ്ങിയതോടെ ബിഗ് ബോസ് ഉടന്‍ തന്നെ സംപ്രേഷണം ആരംഭിക്കുമെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പായിട്ടുണ്ട്. പക്ഷേ, ഏഷ്യാനെറ്റ് അതിന് ഒരു സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. എവിടെ വെച്ചായിരിക്കും ഈ സീസണ് ഷൂട്ട് ചെയ്യുക, അഥവാ ഇത്തവണ ബിഗ്ബോസ് ഹൗസ് എവിടെയായിരിക്കുമെന്ന കാര്യവും അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. അതു സംബന്ധിച്ച് ചില വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്.
ഇത്തവണ ബിഗ്ഗ് ബോസ് ഹൗസ് മലയാളം മുംബൈയില്‍ വെച്ചായിരിക്കും ചിത്രീകരിക്കുകയെന്ന് എന്റര്‍ടെയിന്‍മെന്റ് ടൈംസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോരേഗാവ് ഫിലിം സിറ്റിയില്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നുവെന്നാണ് വാര്‍ത്ത. ബിഗ് ബോസ് മറാത്തിക്കു വേണ്ടി തയ്യാറാക്കിയ മാന്ഷന് മലയാളം പതിപ്പിനു വേണ്ടി പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിലെപ്പോലെതന്നെ ഒരു മറക്കാനാവാത്ത ദൃശ്യവിരുന്നായിരിക്കും ബിഗ് ബോസ് മാന്ഷന് ഒരുക്കുക. കഴിഞ്ഞ സീസണും ആദ്യ സീസണും മുംബൈയില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും സീസണുകള്‍ ചെന്നൈയില്‍ ഇവിപി ഫിലിം സിറ്റിയില്‍ വെച്ച് ചിത്രീകരിച്ചു. ബാറ്റില്‍ ഓഫ് ദി ഒറിജിനല്‍സ് എന്ന ടാഗ് ലൈനാണ് അഞ്ചാം സീസണ് നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതും ലോകത്തെ മാറ്റിമറിക്കുന്നതും. ഒറിജിനല്‍ ആളുകളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാകില്ല. ഒറിജിനല്‍ ടാലന്റ് അണ്‍സ്റ്റോപ്പബിളാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് പുതിയ പ്രമോയില്‍ മോഹന്‍ലാല്‍ നല്‍കുന്നത്. ഇത്തവണ ഒറിജിനല്‍ ആളുകളായിരിക്കും മത്സരിക്കാന്‍ എത്തുന്നതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് 5 മാര്‍ച്ച് 26ന് ആരംഭിക്കുമെന്നും എന്റര്‍ടെയിന്‍മെന്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരൊക്കെയായിരിക്കും ഈ സീസണിലെ മത്സരാര്‍ത്ഥികളെന്ന പ്രവചനങ്ങളും ശക്തമാണ്. ഇത്തവണ സിനിമാ ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പ്രാമുഖ്യമുണ്ടാകുമെന്ന അഭ്യഹങ്ങള്‍ ശക്തമാണ്. ആറാട്ടണ്ണന് സന്തോഷ് വര്‍ക്കി, ഇന്‍ഫ്ളുവന്‍സര്‍ ശ്രീദേവി തുടങ്ങിയവരുടെ പേരുകള്‍ നേരത്തേ പറഞ്ഞു കേട്ടിരുന്നു. ഏറ്റവും ഒടുവിലായി സംവിധായകന് ഒമര്‍ ലുലുവിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബിഗ് ബോസിലേക്ക് ഇന്റര്‍വ്യൂ ഒക്കെയുണ്ടായിരുന്നു. പക്ഷേ പോകുന്നില്ല എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഒമര്‍ ലുലു പ്രതികരിച്ചത്. പക്ഷേ, ഇനി പോകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ഒമര്‍ പറഞ്ഞിട്ടുണ്ട്. ഷോയില്‍ ആദ്യം മുതല്‍ അവസാനം വരെ നീണ്ടു നില്ക്കുന്ന ആ അനിശ്ചിതത്വം തന്നെയാണ് പ്രേക്ഷരെ ടിവിക്കു മുന്നില്‍ പിടിച്ചിരുത്തുന്നത്.
ഒന്നാം സീസണില്‍ സമ്മാനം കരസ്ഥമാക്കിയത് സാബുമോന് എന്ന തരികിട സാബുവായിരുന്നു. രണ്ടാം സീസണ് കോവിഡ് മൂലം നിര്‍ത്തിവെക്കേണ്ടി വന്നതുകൊണ്ട് വിജയിയെ പ്രഖ്യാപിച്ചില്ല. മൂന്നാം സീസണില്‍ നടന് മണിക്കുട്ടന് വിജയിയായി. നാലാം സീസണില്‍ ദില്‍ഷ പ്രസന്നനായിരുന്നു വിജയി. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ജേതാവു കൂടിയാണ് ദില്‍ഷ.