തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ
തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ചട്ടവിരുദ്ധ നടപടിയുമായി ആര് ശ്രീലേഖ രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ആര് ശ്രീലേഖ.
റിട്ടയര്‍ഡ് ആയിട്ടും സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ ഐപിഎസ് എന്ന് ചേര്‍ത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററുകളില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് റിട്ടയര്‍ഡ് എന്ന് എഴുതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചട്ടവിരുദ്ധ നടപടിയുമായി ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്. ശ്രീലേഖ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനില്‍നിന്നാണ് ശ്രീലേഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ചേര്‍ത്തല എസ്പിയായി ഒദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെയാണ് ശ്രീലേഖ സര്‍വീസില്‍നിന്ന് വിരമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.













