നെഹ്റുവിനെ വില്ലനാക്കി ബിജെപിയുടെ ഇന്ത്യാ വിഭജനദിന വീഡിയോ; തിരിച്ചടിച്ച് കോണ്‍ഗ്രസ്
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ വില്ലനാക്കി ചിത്രീകരിച്ചു കൊണ്ട് ബിജെപിയുടെ ഇന്ത്യാ വിഭജനദിന വീഡിയോ. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് നടക്കാതെ പോയ ഇന്ത്യാ വിഭജനം 1947ല്‍ നടന്നതിന് കാരണം നെഹ്റു മുസ്ലീം ലീഗിനും മുഹമ്മദാലി ജിന്നയ്ക്കും വഴങ്ങിക്കൊടുത്തതാണെന്ന് വീഡിയോയില്‍ പറയുന്നു. ആര്‍ക്കൈവില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകളെയും ഇന്ത്യാ വിഭജനത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ് വീഡിയോയിലൂടെ സംഘപരിവാര്‍.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം ഏറ്റെടുത്തു കൊണ്ടാണ് ബിജെപി ഓഗസ്റ്റ് 14 ‘ഇന്ത്യാ വിഭജന ഭീതിയുടെ ഓര്‍മ്മ ദിവസമായി’ ആചരിക്കുന്നത്. ആദ്യമായി നടത്തുന്ന ദിനാചരണത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കോണ്‍ഗ്രസിനെ ആക്രമിക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കാര്യത്തില്‍ ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപി പറഞ്ഞു. ആധുനിക സവര്ക്കര്മാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.