പത്തനംതിട്ടയില്‍ വീണ ജോര്‍ജിന് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
വയനാട് അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പത്തനംതിട്ട അങ്ങാടിക്കലിലെ വീടിന് സമീപം കരിങ്കൊടി കാട്ടിയത്. വീട്ടില്‍ നിന്ന് മന്ത്രി അടൂരിലെ പരപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോളായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് ഉള്‍പ്പെടെ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പത്തനംതിട്ടയില്‍ വീണ ജോര്‍ജിന്റെ എംഎല്‍എ ഓഫീസിനു നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അവിഷിത്ത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അവിഷിത്ത് ഈ മാസം ആദ്യം തന്നെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചിരുന്നതായാണ് മന്ത്രി പ്രതികരിച്ചത്.
ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. എംപി ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്പറ്റയിലും പ്രതിഷേധ റാലി നടത്തി.
Content Highlights: Veena George, Wayanadu, Youth Congress, Protest, Black Flag