സൂപ്പര്‍ കപ്പില്‍ കളി കാണിച്ചു തരാം; ബംഗളൂരുവിനെ വെല്ലുവിളിച്ച് ബ്ലാസ്റ്റേഴ്സ് ഫാന്‍സ്
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതിയും കൈവിട്ടതോടെ ഐഎസ്എല്‍ റീമാച്ച് നടക്കില്ലെന്ന് ഉറപ്പായെങ്കിലും കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മില്‍ ഹീറോ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുമെന്ന വാര്‍ത്ത ആരാധകരില്‍ കുറച്ചൊന്നുമല്ല ആവേശം നിറയ്ക്കുന്നത്. ഏപ്രില്‍ പതിനാറിന് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാദ മാച്ചിനു ശേഷം ആദ്യമായി മുഖാമുഖം വരുന്നത്. സൂപ്പര്‍ കപ്പിന്റെ ഫിക്സചര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്-എയില്‍ ഇരു ടീമുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്. എ ഗ്രൂപ്പ് മാച്ചില്‍ അവസാന മത്സരമാണ് ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മില്‍ നടക്കാനിരിക്കുന്നത്. മത്സരം കേരളത്തിലാണെങ്കിലും കളി നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തിലല്ല. പക്ഷേ, ആരാധകര്‍ക്ക് നിരാശപ്പെടാനൊന്നുമില്ല. കേരള ഫുട്ബോളിന്റെ പറുദീസയായ കോഴിക്കോട് വെച്ചാണ് മത്സരം. ആരാധകര്‍ ഇരമ്പിയെത്താന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളിലൂടെ തന്നെ വ്യക്തമാണ്. യഥാര്‍ത്ഥ ആരാധക യുദ്ധം കാണണമെങ്കില്‍ ബംഗളൂരു എഫ്സിയുടെ ഫെയിസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലും ചെല്ലണം.
ചൊവ്വാഴ്ച മുംബൈ സിറ്റി എഫ്സിയെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയതിന്റെ ആഘോഷമാണ് ബംഗളൂരുവിന്റെ പേജുകളില്‍ നടക്കുന്നത്. വിജയ ഗോള്‍ നേടിയത് പകരക്കാരനായി ഇറങ്ങിയ സുനില്‍ ഛേത്രിയായതു കൊണ്ടു തന്നെ ബംഗളൂരു ആരാധകര്‍ക്ക് ഛേത്രി വീരപുരുഷനാണ്. പക്ഷേ, ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അത് സമ്മതിക്കില്ല. ഛേത്രിയെയും ബംഗളൂരു എഫ്സിയെയും പുകഴ്ത്തുന്ന കമന്റുകള്‍ക്കെല്ലാം കീഴില്‍ മലയാളികളുടെ പൊങ്കാലയാണ്. റഫറി നിങ്ങളുടെ പക്ഷമായതിനാല്‍ നിങ്ങള്‍ തന്നെ ജയിക്കുമെന്നതില്‍ സംശയമില്ലെന്നും ബ്രേക്ക് ടൈമില്‍ ഛേത്രി ഗോളടിക്കാതിരിക്കാന്‍ ഗോള്‍ പോസ്റ്റ് ഷട്ടറിട്ട് പൂട്ടിയതിനു ശേഷമാണ് മുംബൈ പുറത്തു പോയതെന്നുമൊക്കെ ട്രോളുകളും കമന്റുകളായുണ്ട്. കമന്റുകളില്‍ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ട്രോളുകളാണ്. വളരെ നേരിയ പ്രതിരോധം മാത്രമാണ് ബംഗളൂരു ആരാധകരില്‍ നിന്ന് ഉയരുന്നത്. എങ്കിലും കളി ജയിക്കാനായില്ലെങ്കില്‍ അത് ബഹിഷ്കരിച്ചേക്കൂ എന്നൊക്കെയുള്ള ട്രോളുകളും ഒഴുകുന്നുണ്ട്. ഒരു വശത്ത് ബംഗളൂരുവിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ബഹിഷ്കരിച്ചുകൊണ്ടിരിക്കെയാണ് ഇങ്ങനെയും നടക്കുന്നത്.
ഇതിനിടയിലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങളുടെ ഫിക്സ്ചര്‍ പുറത്തു വന്നത്. ഏപ്രില്‍ പതിനാറാം തിയതി ഇരു ടീമുകളും ഏറ്റുമുട്ടുന്നതിന്റെ ആവേശം ആരാധകര്‍ക്ക് സഹിക്കാനാകുന്നില്ല. കോഴിക്കോടു വന്നാല്‍ കാണിച്ചു തരാമെന്നോക്കെയാണ് മഞ്ഞപ്പടയുടെ ആരാധകര്‍ പറയുന്നത്. ബംഗളൂരുവിന് ബിരിയാണി കൊടുക്കണ്ടേയെന്ന് ആരാധകര്‍ പരസ്പരവും ചോദിക്കുന്നു. കളി ജയിക്കേണ്ടത് ചതിയിലൂടെയല്ലെന്നും യഥാര്‍ത്ഥ ഗെയിം എന്താണെന്ന് കാണിച്ചു തരാമെന്നുമൊക്കെ കമന്റുകളുണ്ട്. റീമാച്ച് നടന്നില്ലെങ്കിലും യഥാര്‍ത്ഥ റീമാച്ച് കോഴിക്കോടായിരിക്കും നടക്കുകയെന്ന് പറയുന്ന ആരാധകര്‍ വലിയ ആവേശത്തിലാണ്. ഛേത്രിയുടെ ആ ഗോള്‍ അവരുടെ നെഞ്ചിലാണ് പതിച്ചത്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഛേത്രിയെ നെഞ്ചിലേറ്റിയിരുന്ന മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു നിമിഷം കൊണ്ട് അദ്ദേഹം വില്ലനായി മാറി. വിവാദ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം കോച്ചിനെയും ടീമിനെയും മാത്രമല്ല, ആരാധകരെയും നിരാശരാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ തീരുമാനവും ബ്ലാസ്റ്റേഴ്സിന് എതിരാണ്.
അതിനെല്ലാം മറുപടി മഞ്ഞപ്പട സൂപ്പര്‍ കപ്പില്‍ കോഴിക്കോട് നല്‍കുമെന്ന ഉറച്ച ആത്മവിശ്വാസം ആരാധകര്‍ക്കുണ്ട്. അതാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സ് അവര്‍ക്ക് വെറുമൊരു ക്ലബ്ബല്ല., പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്.