ഐഎസ്എല്‍ ബംഗളൂരുവിന് വേണ്ടി മാത്രമാണോ? റഫറിയിംഗ് വീണ്ടും വിവാദത്തില്‍
ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ നടന്ന നോക്കൗട്ട് മാച്ചിലെ റഫറിയിംഗ് വിവാദമായതിനു പിന്നാലെ മുബൈ സിറ്റി എഫ്സിയുമായി നടന്ന സെമി ഫൈനല്‍ ആദ്യ പാദ മത്സരത്തിലെ റഫറിയിംഗും വിവാദത്തില്‍. മുംബൈയില്‍ നടന്ന മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്സിക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. കളിയുടെ അവസാന നിമിഷമാണ്. തൊട്ടു മുമ്പ് പകരക്കാരനായി ഇറങ്ങിയ സുനില്‍ ഛേത്രി അടിച്ച ഗോളിന് ബംഗളൂരു എഫ്സി മുന്നിട്ടു നില്‍ക്കുകയാണ്. ആ സമയത്ത് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു ആ ഫ്രീ കിക്ക്. മുംബൈയുടെ ഗ്രെഗ് സ്റ്റുവര്‍ട്ട് ആ ഫ്രീകിക്ക് എടുത്തു. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ വിരലുകളില്‍ സ്പര്‍ശിച്ച് ആ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു പോയി. സ്വാഭാവികമായും മുംബൈയ്ക്ക് ഒരു കോര്‍ണര്‍ കിക്ക് ലഭിക്കേണ്ടതാണ്. പക്ഷേ, റഫറി ആര് വെങ്കിടേശ് മുംബൈ സിറ്റിക്ക് അനുകൂലമായി ഗോള്‍കിക്ക് വിധിച്ചു. മുംബൈ സിറ്റി എഫ്സി താരങ്ങള്‍ റഫറിയുടെ തീരുമാനത്തിനെതിരെ സംസാരിച്ചു. കൂടുതല്‍ പ്രതിഷേധിച്ച മുംബൈ സിറ്റി ക്യാപ്റ്റന്‍ മൊര്‍ത്താദ ഫോളിന് റഫറി യെല്ലോ കാര്‍ഡ് നല്‍കുകയും ചെയ്തു.
ഗോളിയുടെ കയ്യില്‍ ബോള്‍ സ്പര്‍ശിച്ചത് റഫറി കാണാത്തതാണോ അതോ കണ്ടില്ലെന്ന് നടിച്ചതാണോ എന്നറിയില്ല. എന്തായാലും ബംഗളൂരുവിന് അനുകൂലമായാണ് ഇന്ത്യന്‍ റഫറിമാര്‍ തീരുമാനമെടുക്കുന്നതെന്ന ആരോപണം കൂടുതല്‍ ശക്തമാകാന്‍ ഈ സംഭവം കാരണമായിട്ടുണ്ട്. കളിയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ മുംബൈയ്ക്ക് ലഭിക്കുമായിരുന്ന അവസരമാണ് റഫറിയുടെ ഇടപെടലിലൂടെ നഷ്ടമായത്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഐഎസ്എല്‍ റഫറിമാര്‍ ബംഗളൂരുവിന് വേണ്ടി കളിക്കുകയാണോ? ബ്ലാസ്റ്റേഴ്സ് നല്കി പ്രൊട്ടസ്റ്റ് തള്ളിക്കൊണ്ട് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നല്കിയ വിശദീകരണത്തില്‍ ഗ്രൗണ്ടില്‍ റഫറിയെടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ അച്ചടക്ക സമിതിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക ഘട്ടങ്ങളില്‍ മാത്രമേ ഒരു ജുഡീഷ്യല്‍ ബോഡിക്ക് ഇടപെടല്‍ നടത്താനാകൂ. റഫറിയായ ക്രിസ്റ്റല്‍ ജോണ്‍ റൂള്‍ ബുക്ക് ചൂണ്ടിക്കാട്ടി ഇക്കാര്യം ആവര്‍ത്തിക്കുക കൂടി ചെയ്തതിനു തൊട്ടു പിന്നാലെയാണ് സെമി ഫൈനലില്‍ മുംബൈയുടെ അവസരം മറ്റൊരു റഫറി തട്ടിക്കളഞ്ഞത്.
റഫറിയുടെ മോശം തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്ലേ ഓഫ് മാച്ചില്‍ നിന്ന് ഇറങ്ങിപ്പോന്ന കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമാനോവിച്ചിനെ അനുകൂലിച്ച് ഐഎസ്എല്‍ ടീമുകളോ ഒന്നു രണ്ടു പേരൊഴികെ മറ്റു ടീമുകളിലെ താരങ്ങളോ രംഗത്തെത്തിയിരുന്നില്ല. മുംബൈ എഫ്സിക്ക് കൂടി അനുഭവം ലഭിച്ചതോടെ ഇനി കൂടുതല്‍ പേര് ബ്ലാസ്റ്റേഴ്സിനെയും അവരുടെ ആശാന്റെ തീരുമാനത്തെയും പിന്തുണയ്ക്കുമായിരിക്കും. വീഡിയോ അസിസ്റ്റന്റ് റഫറി പോലെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. അതുണ്ടായിരുന്നെങ്കില്‍ മുംബൈയുടെ അപ്പീല്‍ വിലമതിക്കപ്പെടുമായിരുന്നു. തങ്ങളുടെ തീരുമാനം അന്തിമമാണെന്ന റൂള്‍ ബുക്ക് ശാസനയുടെ ധാര്‍ഷ്ട്യം റഫറിമാരില്‍ നിന്നും ഒഴിഞ്ഞു പോകുമായിരുന്നു.
എന്തായാലും ഇവാന് വുകോമനോവിച്ചിന്റെ തീരുമാനം ശരിയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം ബംഗളൂരുവില്‍ വെച്ചാണ് ഇനി നടക്കാനിരിക്കുന്നത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മത്സരം. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയതും ഇതേ ഗ്രൗണ്ടില്‍ വെച്ചായിരുന്നു. റഫറിമാരുടെ തീരുമാനങ്ങളടക്കം അനുകൂല സാഹചര്യങ്ങള്‍ മുഴുവന്‍ ബംഗളൂരുവിന് അനുകൂലമാണ്. ഇത്തവണ ഐഎസ്എല്‍ ബംഗളൂരുവിനും സുനില്‍ ഛേത്രിക്കും വേണ്ടി മാത്രമാണോ സംഘടിപ്പിച്ചതെന്നു വരെ ഫുട്ബോള്‍ പ്രേമികള്‍ ചോദ്യമുന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നു.