സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ. ചന്ദ്രനഗർ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്നേഷ്(22), സഹോദരൻ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. യാക്കര സ്കൂളിന് സമീപമുള്ള കനാൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന തോട്ടത്തിൽ വീട്ടിൽ വേശു(68)വിന്റെ ഒന്നര പവന്റെ മാല കഴിഞ്ഞ മാസം 20ന് പിടിച്ചു പറിച്ച കേസിലാണ് ഇവർ പിടിയിലായത്.
എതിരെ നിന്നും ബൈക്കിൽ എത്തിയവർ മാല പൊട്ടിച്ചു കടന്നുകളഞ്ഞെന്നാണ് വേശു പരാതിയിൽ പറഞ്ഞത്. തുടർന്ന് കേസെടുത്ത ടൗൺ സൗത്ത് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. കാടാങ്കോട് ഭാഗത്ത് കറങ്ങി നടക്കുക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്.
ബൈക്കിന്റെ നമ്പർപ്ലേയിട്ടിൽ നിന്നും നമ്പർ ചുരണ്ടി മാറ്റംവരുത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ ഉടമയെ കുറിച്ച് അറിയില്ലെന്ന് ഇവർ പറഞ്ഞതായും ചോദ്യംചെയ്യലിൽ മാല പിടിച്ചുപറിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തൃശൂർ പഴയന്നൂരിലെ ധനകാര്യ സ്ഥാപനത്തിൽ വിൽപന നടത്തിയ മാല പൊലീസ് കണ്ടെടുത്തു. മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച് കൊടൈക്കനാലിലേക്ക് യാത്ര പോയതായും ലഹരിക്കും മറ്റ് ആഡംബര ജീവിതത്തിനുമായി പണം ചെലവിട്ടെന്നും പ്രതികൾ പറഞ്ഞു.
Content Highlights: Brothers, Arrest, grabbing, gold jewellery