ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന ശിക്ഷ; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന ശിക്ഷ വിഭാവനം ചെയ്യുന്ന ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം. മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഡോക്ടര്‍മാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് അംഗീകാരമായിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ് അംഗീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് പരമാവധി 7 വര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുന്നതാണ് ഈ ഓര്‍ഡിനന്‍സ്. ആറു മാസം തടവാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ശിക്ഷാര്‍ഹമാണ്. സൈബര്‍ അധിക്ഷേപവും ശിക്ഷാര്‍ഹമാക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ആശുപത്രികളിലുണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഇത് പ്രത്യേക കോടതികളില്‍ പരിഗണിക്കണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രി മിനിസ്റ്റീരിയല്‍ സ്റ്റാഫ്, സുരക്ഷാ ജീവനക്കാര്‍, മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പുതിയി നിയമത്തിന്റെ പരിരക്ഷ ലഭിക്കും. ആശുപത്രികളിലെ വസ്തുവകകള്‍ നശിപ്പിച്ചാല്‍ ഇരട്ടിത്തുക ഈടാക്കാനും നിയമം നിര്‍ദേശിക്കുന്നു.