റോഡിലെ കുഴികൾക്ക് ഉത്തരവാദി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; വി ഡി സതീശൻ
പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകിയതെന്നും ദേശീയപാത റോഡുകളിൽ പി ഡബ്ലിയു ഡി പണി നടത്തുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചു.
റോഡിലുള്ള കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് ഉത്തരവാദിയെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിൻറനൻസ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണമെന്ന് വി ഡി സതീശൻ പറഞ്ഞു. ജോലികൾ നടന്നിട്ടില്ലന്നും റിയാസിന് പരിചയക്കുറവുണ്ടെന്നും പറഞ്ഞ സതീശൻ പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണമെന്നും പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.